സി.ജി. ജിജാസൽ
തൃശൂർ: പുരസ്കാരങ്ങളുടെ നെറുകയിൽ നിൽക്കുന്പോഴും കോർപറേഷന്റെ ശുചിത്വമുഖം ദിനംപ്രതി വികൃതമാകുന്നു. നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും ഒരു ഇടവേളയ്ക്കുശേഷം കുന്നുകൂടുന്നതു പതിവായതോടെ തൃശൂർ നഗരം വലിയൊരു പകർച്ചവ്യാധിഭീഷണിയിലായി.
പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു തീയിട്ടുപുകയുന്ന റെയിലോരങ്ങളും തെരുവുകളിലേക്ക് ഒഴുകുന്ന മലിനജലവും നഗരവാസികളുടെ ഉറക്കംകെടുത്തുന്നു. നേരത്തേ കോർപറേഷൻ പൂങ്കാവനങ്ങളാക്കി മാറ്റിയ ഇടങ്ങളെ സാക്ഷിനിർത്തിയാണ് നഗരത്തിന്റെ മറ്റു ഭാഗങ്ങൾ ചവറുകൂനകളായി മാറുന്നത്.
നാറ്റംവമിച്ച് ശക്തൻ
നഗരത്തിന്റെ നാഡിയായ ശക്തൻ സ്റ്റാൻഡിൽ യാത്രക്കാർക്കും ജീവനക്കാർക്കും മൂക്കുപൊത്താതെ നടക്കാനാവാത്ത സ്ഥിതിയാണ്. സ്റ്റാൻഡ് പരിസരം തുറന്ന ശുചിമുറിയായി മാറിയതോടെ ശുചീകരണത്തൊഴിലാളികൾ ഇവിടം ഉപേക്ഷിച്ച മട്ടാണ്. ബസ് പാർക്കിംഗിനുപിന്നിൽ കെട്ടിക്കിടക്കുന്ന മൂത്രവും മഴവെള്ളവും ചേർന്നുള്ള ദുർഗന്ധം ആരോഗ്യഭീഷണിയുയർത്തുന്നു. കാനകൾ പ്ലാസ്റ്റിക് കവറുകൾ വിഴുങ്ങിയതോടെ മഴ പെയ്താൽ സ്റ്റാൻഡ് വെള്ളത്തിലാകുന്ന സ്ഥിതിയാണ്. കൊതുകുകളുടെ പ്രജനനകേന്ദ്രമായി സ്റ്റാൻഡ് മാറിയിട്ടും അധികൃതർ ഉറക്കംനടിക്കുകയാണ്.
തീപ്പൊരിയടങ്ങാതെ
ട്രാക്ക് പരിസരം
റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയയിലെ അഗ്നിബാധയുടെ നടുക്കം മാറുംമുന്പേ കോട്ടപ്പുറം പാലത്തിനുസമീപവും മാലിന്യത്തീ പുകയുന്നു. ട്രാക്കിനോടുചേർന്ന് പ്ലാസ്റ്റിക്കും ഹോട്ടൽ വേസ്റ്റും വ്യാപകമായി തള്ളുകയാണ്. രാത്രികാലങ്ങളിൽ ഇവയ്ക്കു തീയിടുന്നതു വായുമലിനീകരണത്തിനു പുറമേ വലിയൊരു അപകടത്തിനും തിരികൊളുത്തുമോ എന്ന ഭീതിയിലാണു നാട്ടുകാർ.
കണ്ണിൽ പൊടിയിടൽ
പ്രസ് ക്ലബ്ബിനു മുന്പിലെ റോഡിലേക്കു കാനയിൽനിന്നു മലിനജലം ഒഴുകാൻ തുടങ്ങിയിട്ട് ആഴ്ചകളായി. പരാതിപ്രളയമായപ്പോൾമാത്രം അല്പം ബ്ലീച്ചിംഗ് പൗഡർ വിതറി തടിയൂരാനാണ് അധികൃതർ ശ്രമിച്ചത്. ശാശ്വതപരിഹാരം കാണാതെ നഗരസഭ ഒളിച്ചുകളി തുടരുകയാണ്. ശുചിത്വപുരസ്കാരങ്ങൾ അലമാരയിലിരിക്കെ, നഗരം മാലിന്യക്കൂന്പാരമായി മാറുന്നതിൽ പ്രതിഷേധം ശക്തമാണ്.
പരാതിക്കാരിൽ
കൗണ്‍സിലർമാരും
മാലിന്യനീക്കം നിലച്ചതോടെ കഴിഞ്ഞദിവസം നടന്ന കൗണ്‍സിൽ യോഗത്തിലും ഇക്കാര്യം കൗണ്‍സിലർമാർ ഉന്നയിച്ചിരുന്നു. മാലിന്യക്കൂനകൾ വർധിച്ചതും തെരുവുനായ്ക്കളുടെ എണ്ണവും ആക്രമണങ്ങളും വർധിക്കുന്നതും ഉൾപ്പെടെ യോഗത്തിൽ പരാതിക്കിടയാക്കി. അന്ന് ആരോഗ്യപ്രവർത്തകർക്കെതിരേയും വ്യാപക ആക്ഷേപം ഉയർന്നിരുന്നു.